വാഗ്ദാനങ്ങൾ പാലിച്ചമുഖ്യമന്ത്രി

വാഗ്ദാനങ്ങള്‍ പാലിച്ച ജനകീയ മുഖ്യമന്ത്രിയായാണ് വി എസ്  അറിയപ്പെടുന്നത്. 2006 ല്‍ നിയമസഭാതെരഞ്ഞെടുപ്പ് നേരിട്ട ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നോട്ടുവെച്ച തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുകയോ, കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ മറികടക്കുകയോ ചെയ്യുവാന്‍ 2006-2011 കാലയളവില്‍ വി എസ് അച്യുതാനന്ദന്‍ നേതൃത്വം നല്‍കിയ മന്ത്രിസഭയ്ക്കായി.

ക്ഷേമം

  • ക്ഷേമ പെന്‍ഷനുകള്‍ പ്രതിമാസം 110 രൂപയില്‍ നിന്ന് 200 ലേക്ക്   എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.  ഇത് പ്രതിമാസം 400 രൂപ ആക്കി ഉയര്‍ത്താന്‍ വി എസ് സര്‍ക്കാരിനു സാധിച്ചു.
  • അരി നീതിപൂര്‍വ്വമായ നിരക്കില്‍ വിതരണം ചെയ്യുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞ സര്‍ക്കാര്‍ എല്ലാവര്‍ക്കും റേഷന്‍ വിതരണ സമ്പ്രദായത്തിലൂടെ രണ്ട് രൂപ നിരക്കില്‍ അരി ലഭ്യമാക്കി.
  • പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന ഗ്രാമീണ മേഖലയിലെ തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. 
  • ഇ എം എസ് ഭവനപദ്ധതിയും, എം എന്‍ ലക്ഷംവീട് പദ്ധതിയും എല്ലാവര്‍ക്കും വീട് എന്ന ആശയത്തിലേക്ക് വഴി തെളിച്ചു.  ഭവനരഹിതരുടെ വായ്പകള്‍ എഴുതിത്തള്ളി.


വികസനം, വ്യവസായം

  • പൊതുവ്യവസായ രംഗത്തെ ശക്തിപ്പെടുത്തുക എന്ന വ്യവസായ നയമാണ് വി എസ് സര്‍ക്കാര്‍ സ്വീകരിച്ചത്.  ഇതിന്‍റെ ഫലമായി 2006 ല്‍ 96 കോടി രൂപ നഷ്ടത്തിലായിരുന്ന കേരളത്തിലെ പി എസ് യു രംഗം 2011 ഓടെ 300 കോടി രൂപ ലാഭത്തിലാകുന്ന സ്ഥിതിയുണ്ടായി.
  • പൊതുവ്യവസായങ്ങള്‍ അടച്ചുപൂട്ടുന്നതിന് പകരം വി എസ് സര്‍ക്കാര്‍ എട്ടുപുതിയ പി എസ് യു കള്‍ ആരംഭിച്ചു.
  • ആഗോള സാമ്പത്തിക തകര്‍ച്ചയുടെ കാലത്ത് പോലും കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ച ദേശീയ സ്ഥിതിയേക്കാല്‍ മെച്ചപ്പെട്ടതായിരുന്നു.
  • കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ വല്ലാര്‍പാടം ട്രാന്‍സ്ഷിപ്മെന്‍റ് ഹബ്ബ് സമയബന്ധിതമായും കാര്യക്ഷമമായും പൂര്‍ത്തിയാക്കാന്‍ കൃത്യമായ ഇടപെടലുകള്‍ നടത്തി.
  • കൊച്ചിമെട്രൊ പദ്ധതി സംബന്ധിച്ച ആദ്യഘട്ട ഫയല്‍ നീക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചത് വി എസ് ആണ്.  കൊച്ചി മെട്രൊ റെയില്‍ പ്രോജക്ട് അംഗീകരിച്ച വി എസ് മന്ത്രിസഭ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും അതിനു പണം അനുവദിക്കുകയും ചെയ്തു.  കേന്ദ്രസര്‍ക്കാരിനു മെട്രോ പദ്ധതിയോട് നിഷേധാത്മക സമീപനമായിരുന്നു.
  • കണ്ണൂര്‍ എയര്‍പോര്‍ട്ടിന്‍റെ അനുമതി നേടിയെടുത്തത് വി എസ്സാണ്.  തറക്കല്ലിട്ടതും വി എസ് തന്നെ.  എയര്‍പോര്‍ട്ട് നിര്‍മ്മാണത്തിനായി കിയാല്‍ കമ്പനി രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും വി എസ് സര്‍ക്കാരാണ്.
  • കേരളത്തിലെ ഗതാഗത സംവിധാനങ്ങള്‍ക്ക് പുതിയമാനം സൃഷ്ടിച്ചുകൊണ്ട് ഉള്‍നാടന്‍ ജലപാതക്ക് തുടക്കം കുറിക്കുന്നത് വി എസ്സാണ്.  ചരക്കുനീക്കത്തിനടക്കം അനന്തസാധ്യതകളുള്ള ഉള്‍നാടന്‍ ജലഗതാഗത പ്രോജക്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും സര്‍വേയും അലൈന്‍മെന്‍റും പൂര്‍ത്തിയാക്കി ഡ്രെഡ്ജിങ്ങ് അടക്കമുള്ള പണികള്‍ തുടങ്ങുകയും ചെയ്തു.
  • വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് വി എസ്സാണ്.  അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന ജോലികള്‍ പൂര്‍ത്തീകരിച്ചു.

 
വിദ്യാഭ്യാസം, സാംസ്കാരികം, ഭാഷ

  • പൊതുവിദ്യാഭ്യാസരംഗത്തിന്‍റെ സംരക്ഷണത്തിനായി വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചു.
  • പ്രവേശനം സുതാര്യവും കാര്യക്ഷമവും ആക്കുന്നതിനായി ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ സിങ്കിള്‍ വിന്‍ഡോ സംവിധാനം നടപ്പിലാക്കി
  • മാറുന്ന ലോകം ലഭ്യമാക്കുന്ന കണക്റ്റിവിറ്റിയും നെറ്റ് വര്‍ക്കിങ്ങ് സാധ്യതകളും വിദ്യഭ്യാസ-ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് കൊണ്ടുവരുന്നതില്‍ വി എസ് മന്ത്രിസഭയ്ക്ക് വളരെയധികം മുന്നോട്ടുപോകാന്‍ സാധിച്ചു.
  • കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വന്ന ഏറ്റവും പ്രധാനപ്പെട്ട പാഠ്യപദ്ധതിപരിഷ്ക്കരണമായിരുന്നു വിവര സാങ്കേതികവിദ്യ അതില്‍ ഉള്‍പ്പെടുത്തുക എന്നത്.  ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്.  പ്രഫസര്‍ യു ആര്‍ റാവു അദ്ധ്യക്ഷനായ ഒരു സമിതിയെ നിയോഗിച്ച് ഇക്കാര്യത്തില്‍ പഠനം നടത്തിയത്.  പ്രസ്തുത സമിതി  “IT in Education- Vision 2010” എന്ന അതിന്‍റെ റിപ്പോര്‍ട്ടും രണ്ടായിരത്തില്‍ തന്നെ സമര്‍പ്പിച്ചു.  അതിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ ഐ റ്റി അറ്റ് സ്കൂള്‍ പദ്ധതി നിലവില്‍ വരുന്നത്.  എന്നാല്‍, തുടര്‍ന്നുവന്ന യു ഡി എഫ് സര്‍ക്കാര്‍ മൈക്രോസോഫ്റ്റിന്‍റെ ഉല്‍പ്പന്നങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി പാഠപുസ്തകങ്ങളുണ്ടാക്കുകയായിരുന്നു.  വി എസ് അതിനെ ശക്തമായി എതിര്‍ത്തു.  ആ എതിര്‍പ്പ് കേരളത്തില്‍ വലിയ പ്രതിഷേധ സമരങ്ങളായി വളര്‍ന്നു.  ഒടുവില്‍, മൈക്രോസോഫ്മിനെ പൂര്‍ണ്ണമായും കേരളപാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കുകയും പകരം സ്വതന്ത്ര സോഫ്റ്റ് വെയര്‍ കരിക്കുലത്തിന്‍റെ ഭാഗമാക്കുകയും ചെയ്തു. 
  • മലയാളത്തിന്‍റെ ശ്രേഷ്ഠഭാഷാപദവി കൈവരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ഭാഷയ്ക്കായി നിരവധി നിയമനിര്‍മ്മാണങ്ങള്‍ നടത്തുകയും ചെയ്തു.
  • പ്രവാസി മലയാളി വിദ്യാര്‍ത്ഥികളെ മലയാള ഭാഷാപഠനത്തിലൂടെ കേരള സംസ്ക്കാരത്തെക്കുറിച്ച് അറിവുള്ളവരാക്കുന്നതിനായി മലയാളം മിഷന് 2009-ല്‍ തുടക്കമിട്ടു.
  • കേരളത്തിലെ വടക്കേയറ്റത്തെ ഭാഷാന്യൂനപക്ഷമായ തുളുവിഭാഗത്തെ പരിഗണിച്ച് തുളുഭാഷ, ലിപി, സാഹിത്യം, സംസ്കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി കേരള തുളു അക്കാദമി സ്ഥാപിച്ചു.
  • സമുദ്രപഠനത്തിനായി കൊല്ലം ജില്ലയിലെ നീണ്ടകരയില്‍ 10 ഏക്കര്‍ ക്യാംപസില്‍ 2010 മെയില്‍ കേരള മാരിടൈംഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു.
  • ഫാഷന്‍ രംഗത്തെ പ്രൊഫഷണലുകളെ സൃഷ്ടിക്കുന്നതിനായി 2010 ഏപ്രിലില്‍ കൊല്ലം ജില്ലയിലെ വെള്ളിമണില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി കേരള സ്ഥാപിച്ചു.
  • കുണ്ടറയില്‍ വേലുത്തമ്പി ദളവ സ്മാരകം സ്ഥാപിച്ചു.

കൃഷി, വനം, പരിസ്ഥിതി

  • കര്‍ഷകരെ സഹായിക്കുന്നതിനായി നെല്ല് സംഭരണവില 7 രൂപയില്‍ നിന്ന് 14 രൂപയായി ഉയര്‍ത്തി.  അതേ സമയം കേന്ദ്രസര്‍ക്കാരിന്‍റെ സംഭരണവില 10 രൂപ മാത്രമായിരുന്ന കാലമായിരുന്നു അതെന്ന് ഓര്‍ക്കണം.
  • കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതിന് വളരെയധികം മുന്‍പുതന്നെ വി എസ് സര്‍ക്കാര്‍ കടാശ്വാസ കമ്മീഷനെ വയ്ക്കുകയും പാക്കേജ് നടപ്പിലാക്കുകയും ചെയ്തു.
  • വനാവകാശ നിയമം നടപ്പിലാക്കുന്ന ആദ്യ ഇന്‍ഡ്യന്‍ സംസ്ഥാനം എന്ന നേട്ടം വി എസ് സര്‍ക്കാര്‍ കേരളത്തിനു നേടികൊടുത്തു
  • 3000 ആദിവാസികുടുംബങ്ങള്‍ക്ക് ഭൂമി വിതരണം നടത്തി
  • ഹരിതബജറ്റിങ്ങ് എന്ന ആശയം വി എസ് സര്‍ക്കാര്‍ മുന്നോട്ടു വെച്ചു
  • 2006-2011 കാലയളവില്‍ 50,000 ഏക്കര്‍ ഭൂമി റിസര്‍വ് വന സമ്പത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയുണ്ടായി


സാമൂഹ്യനീതി, തൊഴില്‍

  • ജന്‍ഡര്‍ ബജറ്റിങ്ങ് എന്ന ആശയം വി എസ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചു.  സര്‍ക്കാരിന്‍റെ പദ്ധതി ആസൂത്രണം മുതലുള്ള എല്ലാ ഘട്ടങ്ങളിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള എല്ലാ സാമൂഹിക വിഭാഗങ്ങള്‍ക്കും നീതിപൂര്‍വ്വമായ പരിഗണന ഉറപ്പുവരുത്തുന്നതിനായിരുന്നു ഇത്.
  • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കായി 50 ശതമാനം തസ്തികകള്‍ സംവരണം ചെയ്തു
  • തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ക്രിയാത്മക നടപടികള്‍ വി എസ് സര്‍ക്കാര്‍ സ്വീകരിച്ചു.  ഇതിന്‍റെ ഭാഗമായി 31,000 പുതിയ തസ്തികകള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി സൃഷ്ടിച്ചു
  • 2006-11 കാലഘട്ടത്തില്‍ 1,75,000 നിയമനങ്ങള്‍ സര്‍ക്കാര്‍ നടത്തി.

വിവരസാങ്കേതികവിദ്യ നവലോകം

വിവരസാങ്കേതിക വിദ്യാരംഗത്തെ വിപ്ലവകരമായ ചുവടുവെയ്പ്പായിരുന്നു വി എസ് സര്‍ക്കാരിന്‍റെ ഐ ടി പോളിസി 2007.  ഒരു നയം എന്നതിനപ്പുറം പുരോഗമനാത്മകവും ദിശബോധത്തോടെയുമുള്ള ഒരു കാഴ്ച്ചപ്പാട് മുന്നോട്ടുവെയ്ക്കുകയായിരുന്നു സര്‍ക്കാര്‍.  ഇത് അറിവിന്‍റെയും ശാസ്ത്ര-സാങ്കേതികവിദ്യയുടെയും ജനാധിപത്യവല്‍ക്കരണം സംബന്ധിച്ച വി എസ് വെച്ചുപുലര്‍ത്തിയിരുന്ന രാഷ്ട്രിയത്തിന്‍റെ കൂടി പ്രതിഫലനമായിരുന്നു.

  • ഐ ടി @ സ്കൂള്‍ പദ്ധതിയില്‍ പ്രൊപ്രൈറ്ററി സോഫ്റ്റ് വെയറിന് പകരം സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുക എന്നത് നയപരമായ ഒരു തീരുമാനമായിരുന്നു.  ഒപ്പം, ഖജനാവിന് ലാഭവും.
  • 2006 മുതല്‍ 2011 വരെയുള്ള കാലയളവില്‍ ഐ ടി രംഗത്ത് കേരളത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായി.
  • കോഴിക്കോട് സൈബര്‍ പാര്‍ക്ക് സ്ഥാപിച്ചു.  തിരുവനന്തപുരത്ത് ടെക്നോസിറ്റി സ്ഥാപിച്ചു.  ആദ്യ കമ്പനിയായി റ്റി സി എസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
  • വിവിധ ജില്ലകളില്‍ ഐ ടി -ടെക്നോപാര്‍ക്കുകള്‍ സ്ഥാപിക്കുകയും, തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങളില്‍ പുതിയ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും നിര്‍മ്മാണത്തിലിരുന്ന ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചു കൊണ്ട് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്തു.
  • ഇന്‍ഫോപാര്‍ക്ക് സര്‍ക്കാരില്‍ നിലനിര്‍ത്തുകയും സ്മാര്‍ട്സിറ്റി പദ്ധതി ആരംഭിക്കുകയും ചെയ്തു
  • ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന ഐ ടി കയറ്റുമതി നിരക്കിലേക്ക് കേരളത്തെ ഉയര്‍ത്തുവാന്‍ വി എസ് അച്യുതാനന്ദന്‍റെ ദിശാബോധത്തോടെയും ഇച്ഛാശക്തിയോടെയുമുള്ള നേതൃത്വം കാരണമായി.
ഖാദി ഉപഭോഗം

ഖാദി ഉത്പന്നങ്ങളുടെ നിർമാണം, ഉപയോഗം എന്നിവയെ വലിയ രീതിയിൽ വിഎസ്പ്രോത്സാഹിപ്പിച്ചു. ഖാദിയുടെ പ്രചാരണാർത്ഥം “ആഴ്ച്ചയിൽ ഒരുദിവസമെങ്കിലും ഖാദി ഉപയോഗിക്കുക” എന്ന പ്രചാരണത്തിന് അദ്ദേഹം മുൻകയ്യെടുത്തു ഖാദി ഉപയോഗം വ്യാപകവും സാർവത്രികവും ആക്കുന്നതിനായി എല്ലാ ശനിയാഴ്ചയും സര്‍ക്കാര്‍  ജീവനക്കാര്‍  ഖാദിവസ്ത്രങ്ങള്‍  ധരിക്കണമെന്ന്  കേരളമുഖ്യമന്ത്രി ആയിരിക്കെ അദ്ദേഹം ഉത്തരവിറക്കുകയുണ്ടായി. ഖാദിതൊഴിലാളികളുടെ ക്ഷേമത്തിനും നൂൽപ്പു കേന്ദ്രങ്ങളുടെ അടിസ്ഥാന സൌകര്യം വര്‍ദ്ധിപ്പിക്കാനും ഉതകുന്ന നടപടികളുംകൈക്കൊണ്ടു.